കിഫ്ബി മോഡലിനെ തകര്‍ക്കാന്‍ കേന്ദ്രവും യുഡിഎഫും ശ്രമിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള ബദല്‍ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്. ടോള്‍ വേണ്ടെന്ന് മുന്‍പ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം മാറുമ്പോള്‍ അന്നു പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കാതെ മാറേണ്ടിവരുമെന്നായിരുന്നു മറുപടി.
ബിജെപിയും യുഡിഎഫുമാണ് ടോള്‍ പിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കിഫ്ബി വഴി 1140 പദ്ധതികളിലായി 67437 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബിയില്‍നിന്ന് 6000 കോടി കൊടുത്തില്ലായിരുന്നെങ്കില്‍ ദേശീയ പാത നിര്‍മാണം നടക്കില്ലായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി പറ്റില്ലെങ്കില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള പദ്ധതി എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മറുപടി നല്‍കണം. ജനങ്ങളെ പറ്റിക്കാന്‍ യുഡിഎഫ് ശ്രമിക്കരുത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നത് അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തതയാണെന്നും ഐസക് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കിയതിനാല്‍ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ മുതല്‍മുടക്ക് കുറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളില്‍ ട്രെയിനും വാഹനങ്ങളും ഓടുന്നതിന്റെ പകുതി വേഗത്തിലേ കേരളത്തില്‍ ഓടിക്കാനാവൂ. വൈദ്യുതി വിതരണത്തിലും പ്രശ്നങ്ങള്‍ ഉണ്ട്. ഇതൊക്കെ മാറിയാലെ ഇന്ത്യയിലാകെ ഉണ്ടാകുന്ന വളര്‍ച്ചയ്ക്കൊപ്പം കേരളത്തിനും മുന്നേറാന്‍ കഴിയൂ.
ഇത്തരത്തിലുള്ള വായ്പകള്‍ സംസ്ഥാനത്തിന്റെ വായ്പയായി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടിനെ യുഡിഎഫ് പിന്തുണയ്ക്കുന്നത് സ്വന്തം കുഴി തോണ്ടുന്നതിന് തുല്യമാണ്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.