നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവ്വകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സർവ്വകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കുമെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.

സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്സുമനുസരിച്ച് വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം - മന്ത്രി പറഞ്ഞു.

തിരഞ്ഞെടുത്ത കോഴ്‌സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ ചെയ്യും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുക. ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവ്വകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും.

കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നാലുവർഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ടീച്ചിംഗ് ആൻഡ് ലേണിംഗ് സെന്റർ ഓഫ് എക്‌സലൻസിന്റെയും സർവ്വകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികൾ.

വിദ്യാർത്ഥികളുടെ അന്തർസർവ്വകലാശാലാ-കോളേജ് മാറ്റം, എൻ മൈനസ് വൺ സെമസ്റ്റർ, ഓൺലൈൻ കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ തയ്യാറാക്കാൻ എഫ്.വൈ.യു.ജി.പി മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ സർവ്വകലാശാലകളും കെ-റീപ്പിലേക്ക് മാറാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ബിബിഎ, ബിസിഎ കോഴ്സുകൾ സംബന്ധിച്ചുള്ള എഐസിടിഇ റെഗുലേഷൻ നടപ്പാക്കുന്നതു സംബന്ധിച്ച് സർവ്വകലാശാലാ തലത്തിൽ പഠനം നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. സംസ്ഥാനത്ത് ഈ അക്കാദമിക വർഷം മുതൽ ആരംഭിച്ച നാലുവർഷബിരുദ പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താനായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ യോഗം.

യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സർവ്വകലാശാലാ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, എഫ്.വൈ.യു.ജി.പി കമ്മിറ്റി പ്രതിനിധികൾ, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.