സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ഗൗതം അദാനിക്കും, സാഗർ അദാനിക്കും എതിരായ അന്വേഷണത്തിൽ ഇന്ത്യയുടെ സഹായം തേടി അമേരിക്ക. അതേസമയം അമേരിക്കൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
റെഗുലേറ്റർ ന്യൂയോർക്ക് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതായി ജില്ലാ കോടതിയെ അറിയിച്ചിട്ടുണ്ട്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ സഹായം തേടിയത്. സെക്യൂരിറ്റീസ് തട്ടിപ്പ്, 265 മില്യൺ ഡോളറിൻ്റെ (ഏകദേശം 2200 കോടി) കൈക്കൂലി കേസ് എന്നിവയിലാണ് എസ്ഇസി ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
അതേസമയം ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ അദാനി കേസ് ചർച്ച ചെയ്തിട്ടില്ല എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായം തേടിയത്. അദാനിയെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ പാരമ്പര്യം ജനാധിപത്യമാണെന്നും ലോകം ഒന്നാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മോദി പ്രതികരിച്ചിരുന്നു.