കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയതിൽ ടീമിന് അഭിനന്ദനം അറിയിച്ച് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ഫൈനൽ പ്രവേശം വന്നിരിക്കുന്നത്.
ഒറ്റപ്പെട്ട വ്യക്തിഗതമായ മികവിനപ്പുറം, ഒരു ടീം എന്ന നിലയിൽ കേരളം ഇന്ത്യൻ ക്രിക്കറ്റിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. വൻ മത്സരങ്ങൾ കളിക്കാനും ജയിക്കാനുമുള്ള പക്വത കേരളാ ക്രിക്കറ്റ് ടീം കൈവരിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന് എതിരായ ക്വാർട്ടർ മത്സരത്തിലും, ഗുജറാത്തിന് എതിരായ സെമി ഫൈനൽ മത്സരത്തിലും കേരളം കളിച്ച രീതി കേരളാ ക്രിക്കറ്റിന് പ്രായപൂർത്തിയായി എന്ന് തെളിയിക്കുന്നതാണ് എന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
കേരളാ ക്രിക്കറ്റിന്റെ ചരിത്രനിമിഷമാണിത്. ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലെത്തിയിരിക്കുന്നു. ക്രിക്കറ്റിൽ വലിയ ഒരു പാരമ്പര്യം കേരളത്തിന് അവകാശപ്പെടാനില്ല. ആദ്യമായി ഇന്ത്യൻ ടീമിലെത്തിയത് ടിനു യോഹന്നാനായിരുന്നു. പിന്നീട് കുറച്ചുകാലം പതിവായി ഇന്ത്യൻ ടീമിൽ കളിച്ചത് ശ്രീശാന്തായിരുന്നു. ഇപ്പോൾ സഞ്ജു സാംസണും കളിക്കുന്നു. ഇവരെ മാറ്റിനിർത്തിയാൽ ഇന്ത്യൻ ക്രിക്കറ്റിനുള്ള കേരളത്തിന്റെ കാര്യമായ സംഭാവന മറ്റൊന്നുമില്ല.
എന്നാൽ കേരള ക്രിക്കറ്റിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇപ്പോൾ ഈ ഫൈനൽ പ്രവേശം വന്നിരിക്കുന്നത്. ഒറ്റപ്പെട്ട വ്യക്തിഗതമായ മികവിനപ്പുറം, ഒരു ടീം എന്ന നിലയിൽ കേരളം ഇന്ത്യൻ ക്രിക്കറ്റിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നു എന്നതാണ് ഈ വിജയത്തിന്റെ പ്രത്യേകത. വൻ മത്സരങ്ങൾ കളിക്കാനും ജയിക്കാനുമുള്ള പക്വത കേരളാ ക്രിക്കറ്റ് ടീം കൈവരിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന് എതിരായ ക്വാർട്ടർ മത്സരത്തിലും, ഗുജറാത്തിന് എതിരായ സെമി ഫൈനൽ മത്സരത്തിലും കേരളം കളിച്ച രീതി കേരളാ ക്രിക്കറ്റിന് പ്രായപൂർത്തിയായി എന്ന് തെളിയിക്കുന്നതാണ്.
നിർണ്ണായകമായ ഒറ്റ റൺ ഒന്നാം ഇന്നിംഗ്സ് ലീഡിലാണ് ജമ്മു കാശ്മീരിനെ കേരളം ക്വാർട്ടറിൽ മറികടന്നത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ, ക്രിക്കറ്റിന്റെ അനിശ്ചിതത്വങ്ങൾ മുഴുവൻ പ്രകടമായ സെമിഫൈനൽ മത്സരത്തിൽ സമാനമായ രീതിയിൽ രണ്ട് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് കേരളത്തെ ഫൈനലിലെത്തിച്ചത്. ഓരോ നിർണായക ഘട്ടത്തിലും ബാറ്റ് കൊണ്ടും ബോൾ കൊണ്ടും കേരളത്തിന്റെ പല കളിക്കാരും രക്ഷകരായി അവതരിച്ചു. അതിൽ മുഹമ്മദ് അസറുദീന്റെയും സൽമാൻ നിസാറിന്റെയും എം ഡി നിധീഷിന്റെയുമെല്ലാം പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്.
ക്ഷമാപൂർവം പിച്ചിന്റെ സ്വഭാവമറിഞ്ഞ് നടത്തിയ പ്രകടനം അസറുദീന്റെ ക്ലാസ് വ്യക്തമാക്കുന്നതാണ്. ജമ്മു കാശ്മീരിന് എതിരായും ഇപ്പോൾ ഗുജറാത്തിന് എതിരായും മുഹമ്മദ് അസറുദ്ദീൻ കളിച്ച ഇന്നിങ്സുകൾ അവിസ്മരണീയമായിരുന്നു. അതിഥി താരങ്ങളായ ജലജ് സക്സേനയും ആദിത്യ സർവാത്തെയും കേരളത്തിന്റെ വിജയത്തിൽ പ്രധാനപ്പെട്ട സംഭാവനകൾ നൽകി. ഫൈനലിലേക്കുള്ള ഈ മുന്നേറ്റം, തീർച്ചയായും ഒരു യാദൃശ്ചികതയല്ല. സ്ഥിരതയാർന്ന, ടീമെന്ന നിലയിലുള്ള പ്രകടനത്തിലൂടെയാണ് കേരളം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളാ ക്രിക്കറ്റ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ, അഭിവാദ്യങ്ങൾ