സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്താത്തതിൽ ഒരു വിഷമവും ഇല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. തനിക്കില്ലാത്ത ഇല്ലാത്ത സങ്കടവും ഉത്കണ്ഠയുമാണ് കേരളത്തിലെ മാധ്യമങ്ങൾക്കുള്ളത്. കവർ പിക്ച്ചറിനെ ദുർവ്യാഖ്യാനം ചെയ്തു. കവർ ചിത്രം മാറ്റിയതിൽ ഒരു ദുരുദ്ദ്യേശവും ഇല്ല. മാധ്യമങ്ങൾ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു. പാർട്ടി ഒറ്റക്കെട്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രൊഫൈൽ ഇടുന്നത് പിഎ ആണെന്നും അഭിമാനപൂർവം ഉയർത്തി പിടിക്കാൻ കഴിയുന്ന ചിത്രമാണ് ഇട്ടതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

12 ആം പാർട്ടി കോൺഗ്രസ് മുതലുള്ള എല്ലാ പാർട്ടി പരിപാടികളിലും പങ്കെടുക്കാറുണ്ട്. 100% പെർഫെക്ഷനോടെ പൂർത്തിയാക്കപ്പെട്ട സമ്മേളനമാണ് കഴിഞ്ഞത്. 13 സംസ്ഥാന സമ്മേളനങ്ങളിൽ ഏറ്റവും സമ്പന്നമായ സമ്മേളനമായിരുന്നു അത്. എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.


ജോലി ഉപേക്ഷിച്ചു മുഴുവൻ സമയപ്രവർത്തകനായ ആളാണ് ഞാൻ. സംഘടനാ പരമായി എന്നെ വളർത്തിയത് ഈ പാർട്ടിയാണ്. സ്ഥാനമാനങ്ങൾ നേടലാണ് രാഷ്ട്രീയക്കാരൻ്റെ ധർമം എന്ന് കരുതുന്നില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കുകയും പാർട്ടി സ്ഥാനങ്ങൾ നേടുന്നതും രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും സ്ഥാനം വേണമെന്ന് പറഞ്ഞ് നടക്കുന്ന ആളല്ല. പാർട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക മാത്രമാണ് ലക്ഷ്യം. സിപിഎമ്മിനെ ആക്രമിക്കാൻ എന്നെ കരുവാക്കുന്നു. സിപിഎമ്മിനെ ഇല്ലാതാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കിട്ടിയതെല്ലാം വലിയതാണെന്ന് കരുതുന്ന ആളാണ് താൻ. ‌മന്ത്രിയാക്കിയപ്പോൾ പോലും അത്ഭുതപ്പെട്ടു പോയി. എവിടെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. നേതാക്കന്മാർ ഏത് മേഖലയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതും പാർട്ടിയാണ്. ഏതെങ്കിലും ഇച്ഛാഭംഗം ഉള്ള ആളല്ല താൻ. നിങ്ങളാഗ്രഹിക്കുന്ന അജണ്ടയിൽ എന്നെ കൂട്ടികെട്ടാൻ ആഗ്രഹിക്കരുതെന്നും അ​ദ്ദേഹം പറഞ്ഞു.