ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അനുമതികൾ കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതികളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സര്‍ക്കാറിന്റെ സ്‌പോര്‍സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട് നിലവിലെ മാനദണ്ഡമനുസരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2013 മുതല്‍ 2019 മാര്‍ച്ച് വരെ കായിക നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഈ കാലയളവില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് അനസ് മത്സരിച്ചിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി നിയമ സഭയെ അറിയിച്ചു.
സുസ്ഥിര, ആരോഗ്യമേഖലയില്‍ കേരളം മാതൃകയാണ്. അതുപോലെതന്നെയാണ് കായിക മേഖലയും. അടുത്ത വര്‍ഷത്തോടെ പദ്ധതികള്‍ പ്രാബല്യത്തില്‍ വരും. നാടിന് അടിസ്ഥാന മാറ്റങ്ങള്‍ ഉണ്ടാകും. കായിക മേഖലയുടെ പ്രാധാന്യം കാലേക്കൂട്ടി മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ നല്ല രീതിയില്‍ ഇടപെടുന്നത്.
ലഹരി വിഷയത്തിലും വ്യക്തമായി ഇടപെടാന്‍ കഴിയും. മുഴുവന്‍ കുട്ടികളെയും കളിക്കളത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് നയം രൂപീകരിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.