ഒന്നും പ്രശ്നമല്ല, ബാധകമല്ല എന്നിങ്ങനെയുള്ള സമീപനങ്ങളിൽ നിന്നു മാറി സമൂഹത്തെക്കുറിച്ച് ചിന്തിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാകണം പുതിയ തലമുറയിലെ യുവജനങ്ങളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രളയം, ഉരുൾപ്പൊട്ടൽ, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവനത്തിന് മുന്നിൽ നിന്ന യുവജനങ്ങൾ ലഹരി പോലെ സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി മുന്നേറണമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2024-25 വർഷത്തെ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇരട്ടി ഉത്തരവാദിത്തമാണ് പുതുതലമുറയിലെ യുവജനത ഏറ്റെടുക്കേണ്ടത്. കേരളത്തെ എല്ലാ തലത്തിലും മാതൃകയായി നിലനിർത്താൻ ധിഷണാശാലികളായി യുവജനങ്ങളിലൂടെ കഴിയും. എല്ലാ മേഖലയിലും പ്രത്യേക പരിഗണന നൽകുന്ന സംസ്ഥാനമെന്ന നിലയിൽ യുവജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇടപെടലുകൾ നടത്തുന്ന സംസ്ഥാന യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വെല്ലുവിളികളെ അതിജീവിച്ച് വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തിത്വങ്ങളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്നു മറ്റുള്ളവർക്ക് പ്രചോദനമേകാനാണ് കമ്മീഷൻ യൂത്ത് ഐക്കൺ, യുവ പ്രതിഭാ പുരസ്‌കാരങ്ങൾ നൽകുന്നത്.

ആരോഗ്യത്തെ സംരക്ഷിക്കുന്ന കൃഷിവിഭവങ്ങളുടെ ഉൽപ്പാദനത്തിലും നാനാതുറകളിൽ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തുന്നതിലും യുവജനങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. നിലവിൽ ഗ്രാമീണമേഖലകളിൽ പോലും പുതിയ വ്യവസായ സാധ്യതകൾ വളർന്നുവരുന്നുണ്ട്. ഓപ്പൺ ഉൾപ്പെടെയുള്ള യുണീകോൺ സ്റ്റാർട്ടപ്പുകളും ധാരാളമായി സംസ്ഥാനത്ത് വികസിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നിഖില വിമൽ (കല/സാംസ്‌കാരികം), വിനിൽ പോൾ (സാഹിത്യം), സജന സജീവൻ (കായികം), ശ്രീവിദ്യ എം (കൃഷി/മൃഗസംരക്ഷണം), ദേവൻ ചന്ദ്രശേഖരൻ (വ്യവസായം/സാങ്കേതികവിദ്യ), ആർ. റോഷിപാൽ (മാധ്യമം) എന്നിവർക്ക് യൂത്ത് ഐക്കൺ പുരസ്‌കാരങ്ങളും മുഹമ്മദ് ആസിം വെളിമണ്ണക്കും (കോഴിക്കോട്), ഫാത്തിമ അൻഷിക്കും (മലപ്പുറം), പ്രിയ മാത്യുവിനും (പത്തനംതിട്ട) യുവപ്രതിഭാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.

യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. സന്തോഷ് കുമാർ കെ, കമ്മീഷൻ അംഗങ്ങളായ അഡ്വ ആർ രാഹുൽ, പി സി ഷെജു, അഡ്വ അബേഷ് അലോഷ്യസ്, ശ്രീജിത്ത് എച്ച് ,ഷാജഹാൻ കെ, രൺധീപ് പി പി, വിനീഷ് വി എ, സെക്രട്ടറി ഡി ലീന ലിറ്റി, കോളേജ് യൂണിയൻ ചെയർപേഴ്സൺ എൻ എസ് ഫരിഷ്ത തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. മറുപടി പ്രസംഗത്തിൽ പുരസ്‌കാര ജേതാക്കൾ പ്രചോദനാത്മകമായ സന്ദേശം സദസ്സിന് കൈമാറി. പുരസ്‌കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് ഇഷാൻ ദേവിന്റെ ഗാനമേളയും അരങ്ങേറി.