വഖഫ് ബില്ലിനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു.ഒരു മതത്തിന്റെയും സ്വാതന്ത്യ്രത്തിൽ കടന്ന് കയറിയിട്ടില്ലെന്നും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കിരൺ റിജിജു സഭയിൽ പറഞ്ഞു. 284 സംഘങ്ങൾ അഭിപ്രായം വ്യക്തമാക്കി. 97 ലക്ഷം നിർദേശങ്ങൾ ജെപിസിക്ക് ലഭിച്ചു അതെല്ലാം വിശദമായി പരിശോധിച്ചു വെന്നും റിജിജു പറഞ്ഞു.ഈ ബില്ല് കുറേ മാറ്റങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലെത്തിയിട്ടില്ല.ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ബില്ല് അവതരണത്തിൽ ക്രമ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാർത്ഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രൻ ഉന്നയിച്ചു.

ജെ പി സിക്ക് ഭേദഗതി നിർദ്ദേശങ്ങൾ ബില്ലിൽ ചേർക്കാനാകുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോർട്ടിന് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോൺഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹാസിച്ചു.