വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ആഴ്ച ബില്ലിനെതിരെ തമിഴ്നാട് അസംബ്ലി പ്രമേയം പാസാക്കിയിരുന്നു.ത്രിഭാഷ നയത്തിനും ലോക്സഭ മണ്ഡലം പുനര്‍നിര്‍ണയത്തിനും പിന്നാലെ വഖഫ് ഭേദഗതി ബില്ലിലും പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട്. വഖഫ് ബില്ലി​ൽ പ്രതിഷേധിച്ച്, സ്റ്റാലിൻ ഉൾപ്പടെയുള്ള ഡിഎംകെ എംഎൽഎമാർ കറുത്ത ബാഡ്ജണിഞ്ഞാണ് നിയമസഭയിൽ എത്തിയത്.

'വലിയ എതിർപ്പുകൾ ഉള്ളപ്പോഴും പുലർച്ചെ രണ്ട് മണിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ വഖഫ് ബിൽ പാസാക്കിയത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. ബിൽ ഇന്ത്യയുടെ അഖണ്ഡതക്കെതിരായ നീക്കമാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും'- സ്റ്റാലിൻ പറഞ്ഞു.

വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഡിഎംകെ അംഗങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്ത് എത്തിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഞങ്ങൾ കൈവിടില്ലെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.