കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറകള്‍ സ്ഥാപിക്കുന്നു. ദീര്‍ഘദൂര ബസുകളിലാണ് ആദ്യം കാമറകള്‍ സ്ഥാപിക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് ബസുകളിലും സ്ഥാപിക്കും.

ഡ്രൈവര്‍മാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങള്‍ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലന്‍ മതിയായ ഉറക്കമില്ലാതെ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുന്നതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിആര്‍ആര്‍ഐ) പഠനങ്ങള്‍ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങള്‍ക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു.

കെഎസ്ആര്‍ടിസി ഇതിനകം തന്നെ പുതിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസുകളില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ക്ഷീണം നിരീക്ഷിക്കുന്ന സംവിധാനത്തോടുകൂടിയ 5,000ത്തോളം ഡാഷ് ബോര്‍ഡ് കാമറകള്‍ വാങ്ങുന്നതിന് ടെന്‍ഡറുകളും ക്ഷണിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാരുടെ ക്ഷീണവും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പോലെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും കണ്ടെത്തുന്നതിനാണ് എഐ സംവിധാനത്തിലുള്ള കാമറകള്‍ ഉപയോഗിക്കുക. ഡ്രൈവറുടെ കണ്ണുകള്‍, തല, ചലനങ്ങള്‍, റോഡ് അവസ്ഥകള്‍ എന്നിവ കാമറയിലൂടെ നിരീക്ഷിക്കും. ഡ്രൈവര്‍ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കില്‍ കാമറ മുന്നറിയിപ്പുകള്‍ നല്‍കും. പുകവലി കണ്ടെത്തലും മറ്റൊരു സവിശേഷതയാണെന്ന് കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടിഎന്‍ഐഇയോടു പറഞ്ഞു.

ഡാഷ്ബോര്‍ഡ് കാമറയ്ക്കൊപ്പം ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ക്യാമറ അപാകതകള്‍ കണ്ടെത്തുമ്പോള്‍ ബീപ്പ് ശബ്ദങ്ങള്‍ വഴി തത്ക്ഷണ മുന്നറിയിപ്പുകള്‍ അയയ്ക്കും. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനത്തുള്ള സെന്‍ട്രല്‍ കമാന്‍ഡ് സെന്ററിലേക്കാണ് മുന്നറിയിപ്പ് എത്തുക. അതുവഴി തത്സമയ നിരീക്ഷണം സാധ്യമാകും.

പുതിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എസി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കാമറകള്‍ സ്ഥാപിച്ചു. സിസ്റ്റം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. 5,000 സെന്‍സര്‍ കാമറകള്‍ക്കുള്ള ടെന്‍ഡര്‍ രണ്ട് ദിവസം മുമ്പ് ക്ഷണിച്ചിട്ടുണ്ട്. ദീര്‍ഘദൂര, സൂപ്പര്‍ ക്ലാസ് ബസുകളില്‍ ആദ്യം കാമറകള്‍ സ്ഥാപിക്കും.