ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരെയുള്ള ആക്രമണം ആരംഭിക്കുന്നതിനു മുന്‍പ് അതുസംബന്ധിച്ചുള്ള വിവരം ഇന്ത്യ ആ രാജ്യത്തെ അറിയിച്ചതായും അത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ല മറിച്ച് കുറ്റകൃത്യമാണെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തല്‍.

പാകിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന ആക്രമണത്തെ കുറിച്ച് ജയശങ്കര്‍ നല്‍കുന്ന വിശദീകരണത്തിന്റെ വീഡിയോ ദൃശ്യം ഉള്‍പ്പെടെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. എന്നാല്‍ ജയശങ്കറിനെതിരെ രാഹുല്‍ നടത്തിയത് തെറ്റായ വ്യാഖ്യാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷമാണ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു.

ശനിയാഴ്ച താന്‍ പങ്കുവെച്ച എക്സ് പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. ‘വിദേശകാര്യമന്ത്രിയുടെ മൗനം നിഷേധാത്മകമാണ്. അതിനാല്‍ ഞാന്‍ വീണ്ടും ചോദിക്കുകയാണ്. ഇന്ത്യ ആക്രമിക്കാന്‍ പോകുന്ന വിവരം പാകിസ്ഥാന്‍ അറിഞ്ഞതിലൂടെ ഇന്ത്യയുടെ എത്ര വിമാനങ്ങളാണ് നഷ്ടമായത്?. അതൊരു പിഴവായിരുന്നില്ല, അപരാധമായിരുന്നു, വാസ്തവമറിയാന്‍ രാഷ്ട്രത്തിന് അവകാശമുണ്ട്’, രാഹുല്‍ പറഞ്ഞു.