കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്. കോടതിയലക്ഷ്യ കേസിൽ ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിൻറെ മൂന്നംഗ ബെഞ്ചാണ് ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.

രാജ്യത്തുനിന്ന് കടന്ന ഹസീന തിരികെയെത്തി കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ദിവസം മുതൽ ശിക്ഷ നടപ്പാക്കാനാണ് ഉത്തരവെന്ന് ധാക്ക ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവാമി ലീഗിൻറെ വിദ്യാർഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗ് നേതാവ് ശക്കീൽ അഖണ്ഡ് ബുൽബുലുമായി ശൈഖ് ഹസീന നടത്തിയ ഫോൺ സംഭാഷണമാണ് കേസിനാധാരം.

തനിക്കെതിരെ 227 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അതുവഴി 227 പേരെ കൊല്ലാനുള്ള ലൈസൻസ് സ്വന്തമാക്കിയെന്നും ഹസീന പറയുന്നതായുള്ള ശബ്ദമാണ് കുറ്റകരമായി കണ്ടെത്തിയത്. നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് ഹസീനയുടെ പരാമർശമെന്ന് വിലയിരുത്തിയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഇതേ കേസിൽ ബുൽബുലിന് രണ്ട് മാസത്തെ ജ‍യിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്.