മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമറിയിക്കുകയാണ് എം വി ഗോവിന്ദൻ മാസ്റ്റർ. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയാണ് വി എസ്. തലമുറകൾക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകൾ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകൻ നിത്യനിദ്രയിലേക്ക് കടക്കുന്നത്. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വി എസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വി എസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊർജ്ജമാണ് സഖാവ് നൽകിയിരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കേരള രാഷ്ട്രീയത്തിലെ അതികായനായ വി എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചത്. ജൂണ്‍ 23ന് ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് വൈകുന്നേരം 3.20 ഓടെയാണ് അന്തരിച്ചത്.
എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതു ദർശനത്തിനു ശേഷം ഭൗതികശരീരം വീട്ടിലെത്തിക്കും. ചൊവ്വഴ്ച രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്തും.