കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും അതികായനായ രാഷ്ട്രീയ നേതാവായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ നിരവധി സമരപരമ്പരകൾക്ക് നേതൃത്വം നൽകിയ മുന്നണി പോരാളിയായിരുന്നു വിഎസ് എന്ന് പോളിറ്റ് ബ്യൂറോ അനുസ്മരിച്ചു.

ആസ്പിൻവാൾ കമ്പനിയിലെ കയർ തൊഴിലാളികൾക്കൊപ്പം ചേർന്ന് സമരങ്ങൾക്ക് നേതൃത്വം നൽകിയായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം. 1940ൽ 17ാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. കുട്ടനാട്ടെ ജന്മിമാർ കർഷകർക്കിടയിൽ നടത്തുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാൻ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിനെ അവിടേക്ക് അയക്കുന്നത്.

തിരുവിതാംകൂർ ദിവാനെതിരായ പുന്നപ്ര-വയലാർ സമരങ്ങൾക്ക് പിന്നാലെ വിഎസിന് ഒളിവിൽ പോകേണ്ടിവന്നു. പിന്നീട് അറസ്റ്റിലാകുകയും പൊലീസ് കസ്റ്റഡിയിൽ കൊടിയ പീഡനങ്ങൾ നേരിടേണ്ടിയും വന്നുവെന്നും പിബി അനുസ്മരിച്ചു.