2024 നും 2025 ന്റെ ഇടയിൽ കർണാടകയിൽ 981 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കി സർക്കാർ ഔദ്യോഗിക കണക്കുകൾ. അതേസമയം ഈ കണക്കുകൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളിൽ 825 എണ്ണം കാർഷികപരമായ കാരണങ്ങളാലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ 138 കേസുകളിൽ ആത്മഹത്യക്ക് പിന്നിൽ മറ്റ് കാരണങ്ങളാണെന്നാണ് കണ്ടെത്തൽ. ആത്മഹത്യ ചെയ്ത കർഷകരുടെ 807 കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ഇതിനോടകം നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ, 18 കേസുകളിൽ നഷ്ടപരിഹാരം ഇനിയും ലഭിക്കാനുണ്ട്.

കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഹാവേരി ജില്ലയിലാണ്. 128 കേസുകൾ ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മൈസൂരുവിൽ 73, ധാർവാഡിൽ 72, ബെലഗാവിയിൽ 71 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. അതേസമയം, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ഉഡുപ്പി, കോലാർ എന്നിവിടങ്ങളിൽ നിന്ന് ഈ കാലയളവിൽ കർഷക ആത്മഹത്യകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കർഷകരുടെ ദുരിതത്തിന് കോൺഗ്രസ് സർക്കാരിന്റെ “അവഗണനയാണ്” കാരണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര രൂക്ഷമായി വിമർശിച്ചു.

മുൻ ബിജെപി സർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് പുറമെ 4,000 രൂപ കൂടി അധിക സഹായം നൽകിയിരുന്നുവെന്നും, അത് 52 ലക്ഷത്തിലധികം കർഷകർക്ക് പ്രയോജനം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് രംഗത്തെത്തി.

“981 കർഷകർ ആത്മഹത്യ ചെയ്ത വിഷയത്തിൽ ബിജെപിയും വിജയേന്ദ്രയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്,” അർഷാദ് പറഞ്ഞു. കീടനാശിനികളുടെ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇതിനോടകം കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി മോദി എംഎസ്പി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടും അതിൽ പുരോഗതിയില്ലാത്തതിന് അർഷാദ് കേന്ദ്ര സർക്കാരിനെ വിമർശിച്ചു.