സ്‌കൂള്‍വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍പ്രായോഗികപരിശീലനം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ എച്ച് എസ് എസ്-വി എച്ച് എസ് എസ് സ്‌കൂളില്‍ നൈപുണിവികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി, ഭക്ഷ്യസംസ്‌കരണമേഖലകളില്‍ കൂടുതല്‍സംരംഭങ്ങളും തൊഴിലവസരങ്ങളും ഉയരുകയാണ്. തൊഴില്‍നൈപുണ്യമുള്ള യുവത കേരളത്തിലെ ഗ്രാമീണമേഖലകളില്‍ പലസംരംഭങ്ങളും നടത്തുന്നു. കൊട്ടാരക്കരയില്‍ ആരംഭിച്ച സോഹോയുടെ ഐ.ടി കേന്ദ്രത്തില്‍ റോബോട്ടിക്‌സ്, നിര്‍മിതബുദ്ധി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുസരിച്ച് താല്‍പര്യമുള്ള മേഖലയില്‍ തൊഴില്‍നൈപുണ്യം നേടിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കൊട്ടാരക്കര നഗരസഭാചെയര്‍പേഴ്‌സണ്‍ അഡ്വ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ഷാജി, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജി സുഷമ, കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ജി കെ ഹരികുമാര്‍, അധ്യാപകര്‍, നഗരസഭ അംഗങ്ങള്‍, പി ടി എ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.