മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയത സംഭവത്തില്‍ ബിലാസ്പൂർ എൻഐഎ കോടതിയിൽ ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചില്ല. സഭാ നേതൃത്വം നിയമ വിദഗ്‌ധരുമായി കൂടിയാലോചനകൾ തുടരുകയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പൊലീസ് നടപടികളെ വീണ്ടും ന്യായീകരിച്ച സാഹചര്യത്തിൽ ആണ് ജ്യാമത്തിലുള്ള നീക്കം വൈകുന്നത്.
എൻഐഎ കോടതിയിലും ജാമ്യാപേക്ഷയെ എതിർക്കാനാണ് ബജ്റംഗ്ദൾ നീക്കം. ബിലാസ്പൂരിലെ കോടതിയിൽ ബജ്റംഗ്ദൾ അഭിഭാഷകൻ ഹജരാവും. കന്യാസ്ത്രീകൾ പുറത്തിറങ്ങിയാൽ സമൂഹത്തിൽ കലാപം ഉണ്ടാകും എന്ന് ബജ്റംഗ്ദൾ ഇന്നലെ കോടതിയിൽ വാദിച്ചിരുന്നു. നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
അതേസമയം അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം ലഭിക്കുന്നത്.