സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വേനലവധിക്കാലം മാറ്റി മഴ കൊണ്ടുപിടിക്കുന്ന ജൂണ്‍- ജൂലൈ മാസത്തിലേക്ക് അവധിക്കാലം മാറ്റിയാലോ എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം. ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മഴക്കാലമായ ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് തുടക്കമിടുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി അറിയിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണെന്ന് പറഞ്ഞു കൊണ്ടാണ് മഴക്കാലത്ത് വരുന്ന പ്രതിസന്ധികളേയും കൂട്ട അവധി പ്രഖ്യാപനത്തേയും എല്ലാം മന്ത്രി ചൂണ്ടിക്കാട്ടുന്നത്. മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നാണ് വി. ശിവന്‍കുട്ടി കുറിക്കുന്നത്.
‘കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.’ -വി. ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നൂറുകണക്കിന് പേരാണ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണ് മന്ത്രിയുടേതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ ടി.വി. രാജേഷ് കമന്റ് ചെയ്തു. കാലാവസ്ഥാവ്യതിയാനം കാരണം മേഘവിസ്ഫോടനവും അപ്രതീക്ഷിത മഴയും പ്രവചനാതീത സാഹചര്യം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പോടേണ്ട നിര്‍ദ്ദേശമാണിതെന്നും ടി വി രാജേഷ് കുറിച്ചു.
അവധിക്കാലം മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിട്ടിരിക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല എന്നാണ് ഒരാള്‍ കമന്റിട്ടത്. കുട്ടികള്‍ക്ക് പാടത്തും പറമ്പിലും കളിച്ചുതിമിര്‍ക്കാന്‍ കിട്ടുന്ന ഒരേയൊരു സമയമാണ് വേനലവധിയെന്നും അത് ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ വീട്ടകങ്ങളില്‍ അടച്ചിടപ്പെടുമെന്നാണ് മറ്റൊരു കമന്റ്. പക്ഷേ പിന്നാലെയെത്തുന്ന ഓണാവധിയിലും ക്രിസ്തുമസ് അവധിയിലുമെല്ലാം സ്‌കൂള്‍ ടേമില്‍ മാറ്റമുണ്ടാവുന്നതിനെ കുറിച്ചു ആശങ്കപ്പെടുന്നവരുമുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലെ അവധിക്കാലം കനത്ത മഴ പെയ്യുന്ന ജൂണ്‍, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന്, വിദ്യാര്‍ഥി സംഘടനയായ എസ്എസ്എഫ് ഉള്‍പ്പെടെ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു