71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. ‘ജവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് അവാർഡ് ലഭിച്ചത്, ’12ത്ത് ഫെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും പുരസ്കാരത്തിന് അർഹനായി. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച റാണി മുഖർജിയാണ് മികച്ച നടി.

മലയാള സിനിമയ്ക്ക് തിളക്കമാർന്ന നേട്ടങ്ങൾ

ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മലയാള സിനിമയും വലിയ നേട്ടങ്ങൾ സ്വന്തമാക്കി. മുതിർന്ന നടൻ വിജയരാഘവനാണ് മികച്ച സഹനടനുള്ള പുരസ്കാരം നേടിയത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രകടനത്തിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.

‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മലയാളത്തിൽ നിന്ന് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് മോഹൻദാസ് സ്വന്തമാക്കി. 2018-ലെ കേരള പ്രളയത്തെ ആസ്പദമാക്കി ഒരുങ്ങിയ ‘2018’ എന്ന സിനിമയാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് അർഹനാക്കിയത്.