ജിഎസ്ടി പരിഷ്ക്കരണത്തിലെ പരാതികൾ പരിഹരിക്കാൻ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. നാളെ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം ആണ് വിളിച്ചിട്ടുള്ളത്. വസ്ത്ര മേഖലയിലുള്ളവരും സൈക്കിൾ നിർമ്മാതാക്കളും ഇൻഷുറൻസ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്.

സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നത് യോഗം ചർച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.സൈക്കിളിന്‍റെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ വസ്തുക്കളുടെ ജിഎസ്ടിയില്‍ കുറവില്ലെന്നാണ് സൈക്കിൾ നിര്‍മ്മാതാക്കൾ പറയുന്നത്.

2500 രൂപയ്ക്ക് മുകളില്‍ ഉള്ള വസ്ത്രങ്ങൾ ആണെങ്കില്‍ 18 ശതമാനവും അതിന് താഴെയാണെങ്കില്‍ അഞ്ച് ശതമാനം ജിഎസ്ടി എന്നുമാണ് പരിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ വസ്ത്ര നിര്‍മ്മാണത്തിനുള്ള ഫാബ്രിക്കിന് 5 ശതമാനമാണ് ജിഎസ്ടി ഇത് സാങ്കേതിക തടസങ്ങൾ ഉണ്ടാക്കും എന്നാണ് വസ്ത്ര വ്യാപാരികൾ പറയുന്നത്