കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗ‍ോപിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലാണ് മതിയായ തെളിവ് ഇല്ലാത്തതിനാൽ കേസ് എടുക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചത്. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി.

സുരേഷ് ഗ‍ോപിക്കെതിരായ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ ടിഎൻ പ്രതാപന് കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിക്കുന്നത്.

അതേസമയം ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.