പൊലീസ് കസ്റ്റഡി മര്‍ദനങ്ങളിലുള്ള നിയമസഭയിലെ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി കെ.ടി. ജലീൽ എംഎൽഎ. മുഖ്യമന്ത്രി അന്ന് സഭയിൽ പറഞ്ഞ കാര്യങ്ങളോട് അന്നത്തെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കെ.ടി. ജലീൽ ചോദിച്ചു.
സസ്പെൻഷൻ പോലും അവർക്ക് കൊടുത്തില്ല. നിയമസഭാംഗത്തെ അതിക്രമിച്ച കേസിൽ ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് ചരിത്രത്തിലാദ്യമായി കുറ്റക്കാരായവരെ ഡിസ്മിസ് ചെയ്യുന്ന നടപടി സ്വീകരിച്ച മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. 144 പൊലീസുകാരെയാണ് പിണറായി സർക്കാർ പിരിച്ചുവിട്ടതെന്നും കെ.ടി. ജലീൽ പറഞ്ഞു.
കേരളത്തിലെ ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ കാലത്ത്, ഒരു ആഭ്യന്തരമന്ത്രിയുടെ കാലത്ത് ഒരു ഹെഡ് കോൺസ്റ്റബിളിനെ എങ്കിലും പുറത്താക്കിയിട്ടുണ്ടോ. ഒരാളെയെങ്കിലും പിരിച്ചു വിട്ടു എന്ന് പറയാൻ ലീഗിനോ കോൺഗ്രസിനോ കഴിയുമോ എന്നും കെ.ടി. ജലീൽ ചോദിച്ചു. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നബിദിന റാലിക്ക് നേരെയാണ് ആലപ്പുഴയിൽ പൊലീസ് വെടിവെച്ചത്. ഇന്നായിരുന്നെങ്കിൽ നിങ്ങൾ കേരളം ചുട്ട് ചാമ്പലാക്കും. 11 വയസ്സുള്ള സിറാജുന്നീസയെ നിങ്ങൾ മറക്കരുതെന്നും കെ.ടി. ജലീൽ ഓർമിപ്പിച്ചു.
എല്ലാ കൂട്ടത്തിലും പുഴുക്കുത്തുകൾ ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയാണോ എല്ലാ കോൺഗ്രസുകാരും എന്നായിരുന്നു കെ.ടി. ജലീലിൻ്റെ പരിഹാസം. ഭ്രൂണത്തിൽ തന്നെ കുട്ടിയെ കൊന്നു കളയാൻ പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയാണോ മറ്റെല്ലാ യൂത്ത് കോൺഗ്രസുകാരെന്നും, പി.കെ. ഫിറോസിനെ പോലെയാണ് എല്ലാ ലീഗുകാരും എന്ന് പറയാൻ കഴിയുമോ എന്നും കെ.ടി. ജലീൽ ചോദിച്ചു.
"ലോക്കപ്പ് മർദനം ഇടതുമുന്നണി നയമല്ല"; റോജി എം. ജോണിന് മറുപടി നൽകി സേവ്യർ ചിറ്റിലപ്പിള്ളി
മായാവിയായ പി.കെ. ഫിറോസിനെ പോലെയാണോ മറ്റെല്ലാ യൂത്ത് ലീഗുകാരും. അവരൊക്കെ പുഴു കുത്തുകളാണ്. എല്ലാവരും അങ്ങനെയല്ല. രാഹുൽ മാങ്കൂട്ടത്തിലിനെയും പി.കെ. ഫിറോസിനെയും പോലെയാണ് എല്ലാ കോൺഗ്രസുകാരും ലീഗുകാരും എന്ന് പറയുന്നതു പോലെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നതെന്നും കെ.ടി. ജലീൽ പറഞ്ഞു