പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രിയും ഭരണപക്ഷവും സഭയിൽ നൽകിയ മറുപടിക്ക് പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇത് കോൺഗ്രസിനുള്ളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ആന്റണി നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത് പാർട്ടിക്ക് നേട്ടമായോ കോട്ടമായോ എന്നതിലാണ് നേതാക്കൾക്കിടയിൽ പ്രധാന ചർച്ച നടക്കുന്നത്. അദ്ദേഹത്തിന്റെ നീക്കം രാഷ്ട്രീയമായി എത്രത്തോളം സ്വാധീനിച്ചു എന്നതിനെക്കുറിച്ച് ഇരുപക്ഷത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിരോധം പോരാതെ വന്നതുകൊണ്ടാണ് ആന്റണിക്ക് സ്വയം രംഗത്തിറങ്ങേണ്ടി വന്നതെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു. ശിവഗിരി സംഭവത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ വെച്ച് തന്നെ ശക്തമായ മറുപടി നൽകാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നാണ് ഇവരുടെ പ്രധാന വിമർശനം.
എന്നാൽ, എ.കെ. ആന്റണിയുടെ ഈ പ്രതികരണം പാർട്ടിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് മറുവിഭാഗത്തിന്റെ വാദം. മാത്രമല്ല, നിയമസഭയിലെ പ്രതിപക്ഷ പ്രതിരോധത്തെ ആന്റണി വാർത്താസമ്മേളനത്തിൽ പുകഴ്ത്തിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.