സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ നടക്കുന്ന അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈന്‍. സ്വന്തം നഗ്നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്ന് കെ.ജെ. ഷൈന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഒരു കാരണവശാലും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറുമെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു. ആന്തരിക ജീര്‍ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.