വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ പത്മജ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും കോൺഗ്രസിന്റെ വാക്കിൽ വിശ്വസിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പത്മജ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടുകൂടിയാണ് സംസാരിച്ചതെന്ന് പത്മജ പറയുന്നു. വിഷമിക്കേണ്ട ശക്തരായി മുന്നോട്ടു പോകണമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും പത്മജ കൂട്ടിച്ചേർത്തു.

ഗോവിന്ദൻ മാഷിനെയും കാണാൻ ശ്രമിക്കുമെന്ന പറഞ്ഞ പത്മജ കോൺഗ്രസ് നേതാക്കളെ ആരെയും കാണില്ലെന്നും വ്യക്തമാക്കി. കോൺഗ്രസിൻ്റെ വാക്ക് ഇനി എന്തിന് വിശ്വസിക്കണമെന്നാണ് പത്മജയുടെ ചോദ്യം. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വീട്ടിൽ വന്നു ഉറപ്പു നൽകിയതാണ്. ആ കരാർ പോലും ഇപ്പോൾ കാണുന്നില്ല. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള ആരെങ്കിലും അച്ഛൻ്റെ കത്ത് കളവാണെന്ന് പറയുമോ എന്നും അവർ ചോദിച്ചു.

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചും പത്മജ സംസാരിച്ചു. ബത്തേരിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ സൈബർ ആക്രമണം നടത്തന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും അവർ പറഞ്ഞു.