എറണാകുളം സെൻ്റ് റീത്താസ് സ്കൂളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനേജ്മെൻ്റ് പക്വതയോടെ പെരുമാറണമെന്ന് മന്ത്രി വ്യക്തമാക്കി. സ്കൂൾ യൂണിഫോം എല്ലാവർക്കും ബാധകമാണ്. ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിൻ്റെ പേരിൽ സംഘർഷം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും സ്കൂൾ മാനേജ്മെൻ്റ് മറുപടി നൽകി. പിന്നാലെ ഹിജാബിൻ്റെ പേരിൽ പുറത്തുനിന്നുള്ളവർ സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കർശന നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.

ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്യാന്‍ ഭയമാണോ? പിണറായി വിജയനെതിരെ അബിന്‍ വര്‍ക്കി
അതേസമയം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റ് സ്കൂൾ മാനേജ്മെന്റുകൾക്കും ബാധകം ആകുന്ന നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ ചില തർക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. സാമൂഹ്യ നീതി ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.

ചില മാനേജുമെൻ്റുകൾ എൻഎസ്എസ് മാനേജ്മെൻറ് വിധി തങ്ങൾക്കും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എൻഎസ്എസ് മാനേജ്മെൻ്റിന് അനുകൂലമായ വിധി മറ്റ് സ്കൂൾ മാനേജ്മെന്റുകൾക്കും ബാധകം ആകുന്ന നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കും. ക്രൈസ്തവ മാനേജ്മെൻ്റുകളുടെ സമ്മർദത്തിന് കീഴ്‌വഴങ്ങിയതെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. കേസ് കോടതിയിൽ പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിൻറെ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.