ഏറ്റവും മികച്ച ധനകാര്യ നിർവഹണമാണ് കഴിഞ്ഞ നാലര വർഷം കേരളത്തിൽ നടന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും കാഴ്ചപ്പാടുകളും ചർച്ചചെയ്ത സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികൾക്കിടയിലും ധനകാര്യമേഖലയെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാൻ മന്ത്രി കെ.എൻ ബാലഗോപാലിന് കഴിഞ്ഞു. ഉൽപ്പാദന മേഖലയിലെ വളർച്ചയിലൂടെ മാത്രമേ ആഭ്യന്തര വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ഒരു ലക്ഷം സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയത്. മൂന്നര ലക്ഷത്തിലധികം പദ്ധതികളാണ് ഇതു വഴി ആരംഭിക്കാനായത്. അതിൽ 42 ശതമാനം സംരംഭകരും സ്ത്രീകളാണ്.

 

സമ്പദ്ഘടനയെ വളർത്തുന്നതിനായി മിഷൻ 1000 എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 1000 മൈക്രോ സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള നിലയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം നാനോ സംരംഭങ്ങളെ ശരാശരി ഒരു കോടി വിറ്റുവരവിലേക്കും ഉയർത്തും. ഇത് വഴി തൊഴിലവസരങ്ങൾ വളരുകയും ചെയ്യും.

കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൻ്റെ വികസന മാതൃകയിൽ വലിയ മാറ്റമാണ് ഉണ്ടായത്. എല്ലാ മേഖലകളിലും നിലവാരം വർധിച്ചു. ഇന്നൊവേഷനുമായി ബന്ധപ്പെട്ട മേഖലയിലാണ് ഇന്ന് കേരളത്തിൻ്റെ ശക്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, വിജ്ഞാന സമൂഹം എന്ന കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കുന്നത്.

വിജ്ഞാനാധിഷ്ഠിത തൊഴിലുകളാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ സമീപനം. അതിനായി വിജ്ഞാനാധിഷ്ഠിത സംരംഭങ്ങൾ വളർത്തിക്കൊണ്ടു വരണം. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവർ മടങ്ങിവരുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്ന സമാപന സമ്മേളനത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായി. ജി.എസ്.ടി, പോളിസികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയിലും കേരളത്തെ മെച്ചപ്പെട്ട രീതിയിൽ വളർത്തിയെടുക്കാൻ കഴിയുന്ന ധാരാളം കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സമഗ്രമായ വികസനത്തെ കുറിച്ചുള്ള കാര്യങ്ങൾ സെമിനാറിൽ ചർച്ച ചെയ്യാനായെന്നും ഇത് ഭാവി വികസനങ്ങളിലേക്കുള്ള വഴികാട്ടിയാകുമെന്നും കൂട്ടിച്ചേർത്തു.

വികസന പ്രശ്നങ്ങൾ: തിരിച്ചറിയലും പരിഹാരം നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷനും കേരള എക്കണോമിക് അസോസിയേഷനും ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പസ് മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.