സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെൻഡർ സെൻസിറ്റീവ് പ്ലാനിംഗ് നടപ്പിലാക്കും. ജെൻഡർ പാർക്ക് ഇതിന് നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളോട് 'സീറോ ടോളറൻസ്' ഉള്ള സംസ്ഥാനമാകാനാണ് 2031ൽ കേരളം ലക്ഷ്യമിടുന്നത്.

ഇതിനുള്ള ഊർജിതമായ നടപടികൾ വനിതാ ശിശുവികസന വകുപ്പ് സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരൂർ ബിയാൻകോ കാസിൽ ഹാളിൽ നടന്ന സംസ്ഥാന തല സെമിനാറിൽ വിഷൻ 2031 - ദർശനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗാർഹിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. വിജ്ഞാന കേരളവുമായി സഹകരിച്ച് നൈപുണിക പരിശീലനവും അതോടൊപ്പം ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. അതിക്രമങ്ങൾക്കിരയാകുന്നവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഗാർഹിക പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 77 സർവീസ് പ്രൊവൈഡർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. എൻ.ജി.ഒകളെ കൂടി ഇതിന്റെ ഭാഗമാക്കി. ആഭ്യന്തര വകുപ്പ് എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷൻ തുടങ്ങുകയും പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 11 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്തു. അത് 50 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര സമിതികൾ രൂപീകരിച്ചു. 2026 ഓടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റികൾ ഉറപ്പാക്കും. സ്ത്രീധന നിരോധന നിയമം പ്രകാരമുള്ള നടപടികൾക്ക് റീജ്യനൽ ഓഫീസുകൾക്ക് പകരം ജില്ലാതലങ്ങളിൽ സംവിധാനം ഉണ്ടാക്കി. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ജാഗ്രതയോടെയുള്ള പൊതുബോധം ശക്തമായ നിലപാടുകളെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാൻ വിഷൻ - 2031 ന്റെ ഭാഗമായി നടപടികളെടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് കൂടുതലെങ്കിലും തൊഴിൽ രംഗത്ത് ഈ പ്രാതിനിധ്യം കാണുന്നില്ല. ഇതിൽ മാറ്റം വേണം. ഇതിനായി സ്ത്രീകൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കൽ, തൊഴിലിടങ്ങളിൽ ക്രഷുകൾ പ്രൊമോട്ട് ചെയ്യൽ, സ്ത്രീകൾക്ക് വിവിധ തലങ്ങളിൽ തൊഴിൽ പരിശീലനം തുടങ്ങിയവ ലക്ഷ്യമിടുന്നു. 2031 നകം എല്ലാ തൊഴിലിടങ്ങളിലും കുഞ്ഞുങ്ങൾക്കായുള്ള ക്രഷുകൾ ഉണ്ടാക്കാൻ പുതിയ ക്രഷ് നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ മാനസിക - ശാരീരിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ, ദുരന്ത മുഖത്ത് സ്ത്രീകളെ സജ്ജരാക്കുന്നതിന് ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് പരിശീലനം, എല്ലാ സ്‌കൂളുകളിലും ധീര സ്വയം പ്രതിരോധ സംവിധാനം, കുട്ടികളുടെ മാനസിക - ശാരീരിക വളർച്ചയ്ക്കായുള്ള നടപടികൾ, കുട്ടി സൗഹൃദ വീടുകൾ, പാരന്റിംഗ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസിലേഴ്സ് ശാക്തീകരണം തുടങ്ങിയ പദ്ധതികളും വിഷൻ 2031 ന്റെ ഭാഗമായി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വനിതാ-ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് വകുപ്പിന്റെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ അവതരിപ്പിച്ചു.