വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കും. കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചു. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തിയുടെ പുറത്താണ് വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന് തീരുമാനം എടുത്തത്. നിലവിൽ കെപിസിസി പുനഃസംഘടനയിൽ മുരളീധരൻ നിർദേശിച്ച പേരുകൾ പരിഗണിക്കുമെന്നാണ് വിവരം.

മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നായിരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നും കെ.മുരളീധരന്‍ നിലപാടെടുത്തു.

ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു.