സപ്ലൈകോയ്ക്ക് ഇത് ഉണർവിന്റെ കാലമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിത്.
കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ആഭ്യന്തര വരുമാനം വർദ്ധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ട്.
സുവർണ്ണ ജൂബിലിവേളയിൽ ചരിത്രത്തിലൂടെയുള്ള സഞ്ചാരത്തോടൊപ്പം, അതിൽ നിന്ന് പാഠം ഉൾക്കൊണ്ടും പുതിയ കാലത്തിൻ്റെ ഉപഭോഗ സവിശേഷതകളും സാമൂഹിക - സാമ്പത്തികമായിട്ടുള്ള സാഹചര്യങ്ങൾ പരിഗണിച്ചും സപ്ലൈകോയെ എങ്ങനെ റീബ്രാൻഡ് ചെയ്യാം എന്ന് പരിശോധിക്കണം. സപ്ലൈകോയ്ക്ക് രണ്ട് ദൗത്യങ്ങൾ ഉണ്ട്. ഒന്ന്, സബ്സിഡി ഉൽപ്പന്നങ്ങൾ ലഭ്യമാക്കലും രണ്ട്
അല്ലാതെയുള്ള മാർക്കറ്റും. ഓണക്കാലത്ത് സബ്സിഡി ഉൽപ്പന്നങ്ങൾക്കൊപ്പം തന്നെ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയിൽ വലിയ ചെലവ് ആണ് ഉണ്ടായത്. അത് സൂചിപ്പിക്കുന്നത് സപ്ലൈക്കോയ്ക്ക് അവിടെ ഇനിയും ഒരു സ്പേസ് ഉണ്ട് എന്നതാണ്.
കാലത്തിന്റെ സാധ്യതകൾ പരിഗണിച്ച് ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങനെ ശക്തിപ്പെടുത്താം എന്ന് പരിശോധിക്കണം. പരമാവധി പ്രൊഫഷണലിസം കൊണ്ടുവരാൻ ശ്രദ്ധിക്കണം. പുതിയ സൂപ്പർ മാർക്കറ്റുകളും മൊബൈൽ മാർക്കറ്റിംഗും, ഇ- മാർക്കറ്റിംഗും, ഡിജിറ്റൽ സംവിധാനവും ഒക്കെ വരുമ്പോൾ, കുറേക്കൂടി പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പരിഗണന നൽകാനും കഴിയുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായി. സപ്ലൈകോയുടെ വിതരണക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും അദ്ദേഹം ആദരിച്ചു.