ഭൂമിയുടെ അതിർത്തി തർക്കങ്ങൾ ഇല്ലാത്ത നവകേരളം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ ഭൂ ഭരണ സമ്പ്രദായം സമൂലമായി പരിഷ്കരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങളില്ലാത്ത 'കൺക്ലൂസീവ് ടൈറ്റിൽ' ( അന്തിമമായ രേഖ) സമ്പ്രദായത്തിലേക്ക് കേരളം അതിവേഗം നീങ്ങുകയാണ്. മണീട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ് കേരളത്തിലെ റവന്യൂ വകുപ്പ്. ദുരന്ത നിവാരണം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള ബൃഹത്തായ ചുമതലകൾ നിർവഹിക്കുന്ന വകുപ്പിൽ ആധുനികവൽക്കരണത്തിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന മഹത്തായ പ്രക്രിയയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

 പട്ടയം വിതരണം ചെയ്ത് ഭൂമിയുടെ ഉടമകളായിട്ടുള്ള കുടുംബങ്ങളുടെ എണ്ണം 4,11,000 ആയി വർദ്ധിച്ചു. ഭൂപരിഷ്കരണ നിയമത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ കേരളം, ഇപ്പോൾ ഭൂ ഭരണത്തിൻ്റെ ആധുനിക വൽക്കരണം കൊണ്ടും ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ്. ഇതിൻ്റെ ഭാഗമായി കേരളത്തിൽ ഡിജിറ്റൽ റീസർവെ അതിവേഗം നടപ്പാക്കി തുടങ്ങി. രണ്ടു വർഷക്കാലം കൊണ്ട് 8,68,000 ഹെക്ടർ ഭൂമിയും 64 ലക്ഷം ലാൻഡ് പാഴ്സലുകളും അളന്നു തിട്ടപ്പെടുത്താൻ സാധിച്ചു.

 

2031 ൽ എത്തുമ്പോഴേക്കും ഭൂമിയുടെ രേഖയ്ക്ക് തർക്കമില്ലാത്ത ഒരു 'കൺക്ലൂസീവ് ടൈറ്റിൽ' സമ്പ്രദായം രൂപീകരിക്കുകയാണ് ലക്ഷ്യം. ആധുനിക അടയാളപ്പെടുത്തലുകളോടെ, ഒരു വ്യക്തിയുടെ ഭൂമി എവിടെ എന്ന് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന വിധത്തിൽ ഓരോ മനുഷ്യൻ്റെയും ഭൂമിയുടെ ഗ്യാരണ്ടി സർക്കാർ ഉറപ്പാക്കും.

 

ഈ യാത്രയുടെ ഭാഗമായി, 2026 ജനുവരി മാസം മുതൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭൂമിയുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ഉൾക്കൊള്ളുന്ന റവന്യൂ ഡിജിറ്റൽ കാർഡ് സംസ്ഥാനത്ത് ലഭ്യമാകും.

 

കേരളം അതിദാരിദ്ര്യത്തിൽ നിന്ന് പുറത്തുവരികയാണ്. അതിദരിദ്രരുടെ ആദ്യ ലിസ്റ്റിൽ കണ്ടെത്തിയ 1,12,000 കുടുംബങ്ങളിൽ നിന്ന് 64,006 കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി അവരെ നവകേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കി. കൂടാതെ 35 വയസ്സു മുതൽ 60 വയസ്സുവരെ പ്രായമുള്ള എ എ വൈ, പി എച്ച് എച്ച് കാർഡുകളുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സർക്കാർ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

 

വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് ആയാൽ മാത്രം പോരാ, ഉദ്യോഗസ്ഥർ സ്മാർട്ടാകുമ്പോഴാണ് അത് പൂർണ്ണമാകുന്നത്. ബുദ്ധിമുട്ടുകളുമായി വരുന്ന സാധാരണക്കാരോട് ചട്ടങ്ങൾ പറഞ്ഞ് പേടിപ്പിക്കാതെ, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെയാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാകേണ്ടത് എന്നും മന്ത്രി കൂട്ടിചേർത്തു.

 

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മണീട് പഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ്, വൈസ് പ്രസിഡൻ്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കെ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സജീവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി എസ് ജോബ് , സി റ്റി അനീഷ്, മിനി തങ്കപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ വി ജെ ജോസഫ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, മൂവാറ്റുപുഴ ആർ ഡി ഒ പി എൻ അനി, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.