പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ കേരളത്തിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചേർത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
2021ൽ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ അഞ്ചുവർഷം കൊണ്ട് 100 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ നാലുവർഷം പൂർത്തിയായപ്പോൾ തന്നെ നൂറിലധികം പാലങ്ങളുടെ നിർമ്മാണ പൂർത്തിയാക്കാൻ സാധിച്ചു. ഇപ്പോൾ 180 ഓളം പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന മേഖലയിൽ മാത്രമല്ല എല്ലാ രംഗത്തും പ്രതീക്ഷിച്ചതിനപ്പുറമുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി സർക്കാർ മുന്നോട്ടു പോവുകയാണ് എന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. നെടുമ്പ്രക്കാട് വിളക്കുമരം പാലം രണ്ടുവർഷത്തിനുള്ളിൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി മാറ്റും. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കും.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാടിന്റെ വികസനത്തിൽ വലിയ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പാലത്തിന് അനന്തമായ ടൂറിസം സാധ്യതകളാണ് ഉള്ളത്. അത് ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ പദ്ധതികൾ ഉടൻ നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദലീമ ജോജോ എംഎൽഎ, മുൻ എംപി എ എം ആരിഫ്, ചേർത്തല നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എസ് സുധീഷ്, കേരള സിറാമിക്സ് ചെയർമാൻ വി ടി ജോസഫ്, നഗരസഭ വൈസ് ചെയർമാൻ റ്റി എസ് അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ എ എസ് സാബു, നഗരസഭാ അംഗങ്ങളായ കനകമ്മ മധു, ഡി സൽജി, ലിസി ടോമി, എ അജി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉദയമ്മ ഷാജി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം പ്രഭാവതി സത്യദാസ്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം സൂപ്രണ്ട് എഞ്ചിനീയർ ഷിജി കരുണാകരൻ, കെആർഎഫ്ബി സൗത്ത് സർക്കിൾ ടീം ലീഡർ പി ആർ മഞ്ജുഷ, കെ ആർ എഫ് ബി ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ദീപ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് 21.77 കോടി രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കെആർഎഫ്ബി വഴിയാണ് ചേർത്തല- അരൂർ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട് വിളക്കുമരം പാലം നിർമ്മിച്ചത്.
