പി.എം.ശ്രീ പദ്ധതി താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭായോഗത്തിലാണ് പദ്ധതി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകാൻ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.
പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിലാണ് ശിവന്‍കുട്ടി സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കും എന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചത്. കുടിശ്ശികയുള്ള തുക പരമാവധി വാങ്ങിയെടുക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.
