എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് പശ്ചിമ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് ചാരമേഘങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പരമപ്രധാനമായ പരിഗണന നൽകുന്നതെന്ന് പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ എന്നിവർ യാത്രക്കാർക്ക് ഉറപ്പ് നൽകി.

ഇത്തരം വാർത്തകൾ യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നത് സ്വാഭാവികമാണെന്നും, എന്നാൽ യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്നും ഇൻഡിഗോ ‘എക്സി’ൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന സ്ഥാപനങ്ങളുമായി സഹകരിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സുരക്ഷിതമായ വിമാന സർവീസുകൾ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

സഹായത്തിനായി എയർപോർട്ടുകളിലെല്ലാം തങ്ങളുടെ ടീം സജ്ജമാണെന്നും 24 മണിക്കൂറും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. എന്തെങ്കിലും അപ്‌ഡേറ്റുകൾ ഉണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് ചില ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ ചാരമേഘങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എയർ ഇന്ത്യയും പ്രസ്താവനയിൽ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഓപ്പറേറ്റിംഗ് ക്രൂവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും അവർ അറിയിച്ചു. നിലവിൽ എയർ ഇന്ത്യയുടെ സർവീസുകളെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.