മുനമ്പം വിഷയത്തിൽ സർക്കാർ കപടമായോ വൈകാരികമായോ അല്ല നിലപാട് സ്വീകരിച്ചതെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണ് ചെയ്തതെന്നും വ്യവസായ മന്ത്രി പി രാജീവ്. മുനമ്പം കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി മുനമ്പം വിഷയത്തിൽ സർക്കാരിൻ്റെ നിലപാടുകൾ വിശദീകരിച്ചത്. കരമടക്കാൻ കോടതി അനുമതി നൽകിയ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുന്നതിൽ സമരസമിതിയാണ് തീരുമാനമെടുക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.
മുനമ്പം സമരസമിതി സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ട് പോയതെന്നും സർക്കാർ വസ്തുതാപരമായ കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് പ്രശ്നം പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.
കമ്മീഷൻ നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞെങ്കിലും സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചിൽ നിന്ന് ശ്രദ്ധേയമായ അനുകൂല വിധി നേടാൻ കഴിഞ്ഞു. ഈ വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് നിലവിൽ കരമടക്കാൻ അനുമതി നൽകിയുള്ള ഉത്തരവുണ്ടായത്. കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് മുനമ്പം നിവാസികൾക്ക് കരം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നത്. ഇതിനെതിരായ അപ്പീലിൽ കരമടക്കാൻ അനുവദിക്കണമെന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിയമപരമായ അവകാശങ്ങളെല്ലാം സർക്കാർ സംരക്ഷിക്കും. ഒരാളെ പോലും അവിടെ നിന്ന് കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി സമരസമിതിയോട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴും സമരം നിർത്തണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്നലെ തന്നെ കരമടക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് മുനമ്പത്തെ ജനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി.
വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചതായി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിരുന്നു. മുനമ്പത്ത് ജനങ്ങൾ പണം നൽകിയാണ് ഭൂമി വാങ്ങിയത്. അവരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതേസമയം, വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. എന്നാൽ, ഭൂമി വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, സർക്കാരിന് ഇത് പറയാൻ അവകാശമില്ല എന്നും മന്ത്രി പി.രാജീവ് കൂട്ടിച്ചേർത്തു. സർക്കാർ നിലപാടിൽ സംതൃപ്തി അറിയിച്ച് സമരസമിതി നന്ദി അറിയിച്ചതായും മന്ത്രി പറഞ്ഞു.
