തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ പനങ്ങോട്ടേല വാർഡ് സ്ഥാനാർഥി ശാലിനി സനിൽ പരാജയപ്പെട്ടു. കടുത്ത മത്സരത്തിനൊടുവിൽ എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ലക്ഷ്മിയാണ് വാർഡിൽ വിജയിച്ചത്. ബി.ജെ.പി. പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.
വോട്ടിങ് വിവരങ്ങൾ അനുസരിച്ച് ശാലിനി സനിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആകെ 111 വോട്ടുകൾ മാത്രമാണ് അവർക്ക് നേടാനായത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രുതി 180 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ലക്ഷ്മി വിജയം ഉറപ്പിച്ചപ്പോൾ, വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ ബി.ജെ.പി. നേതൃത്വത്തിൽ നേരത്തെ ആശയക്കുഴപ്പങ്ങൾ ഉടലെടുത്തിരുന്നു.
സീറ്റ് നിഷേധിച്ചതും, തുടർന്നുണ്ടായ വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് തന്നെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് ശാലിനി സനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ആർ.എസ്.എസ്. പ്രാദേശിക നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്.
“പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. ആർ.എസ്.എസ്. പ്രാദേശിക നേതാക്കൾ എന്നെ വ്യക്തിഹത്യ നടത്തി,” ശാലിനി സനിൽ ആരോപിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിക്കാൻ സാധിക്കാതെ വന്നത് ബി.ജെ.പി.ക്കുള്ളിലെ വിഭാഗീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
