വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഓഫീസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൗൺസിലറുടെ നിലപാടിനെ വിമർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ രംഗത്തെത്തി. വട്ടിയൂർക്കാവ് എംഎൽഎയ്ക്ക് ഒരു ഓഫീസ് നൽകിയതിൽ അസാധാരണതയൊന്നുമില്ലെന്നും, ഈ വിഷയത്തിൽ കൂടുതൽ പക്വതയോടെ പെരുമാറേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട രീതി ശരിയായില്ലെന്നും, എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് എംഎൽഎയെന്നും സ്പീക്കർ വ്യക്തമാക്കി. പ്രോട്ടോകോൾ പ്രകാരം കൗൺസിലറിനേക്കാൾ മുകളിലാണ് എംഎൽഎയുടെ സ്ഥാനമെന്ന് ഓർമ്മിപ്പിച്ച ഷംസീർ, ഒരു കൗൺസിലർക്ക് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടാനുള്ള അധികാരമില്ലെന്നും അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോർപ്പറേഷനാണെന്നും വ്യക്തമാക്കി.
ജനസേവനത്തിന്റെ ഭാഗമായാണ് എംഎൽഎ ഈ ഓഫീസ് ഉപയോഗിക്കുന്നതെന്നും, വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൗൺസിലറുടെ ഭാഗത്ത് നിന്നുണ്ടായത് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും സ്പീക്കർ വിമർശിച്ചു.
