കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക അവഗണനയ്ക്കും തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 5-ന് സംസ്ഥാനത്തെ 23,000 വാർഡുകളിലും ‘തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി’ സംഘടിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറയ്ക്കുകയും നിയമഭേദഗതികളിലൂടെ പദ്ധതിയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് പാർട്ടി ആരോപിച്ചു. ഇതിനെതിരെ ജനുവരി 5-ന് വാർഡ് തലങ്ങളിൽ അസംബ്ലികൾ ചേരുകയും കേന്ദ്ര സർക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്യും. തുടർന്ന് ജനുവരി 15-ന് തിരുവനന്തപുരത്ത് രാജഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മാർച്ചുകൾ സംഘടിപ്പിക്കും.
കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ജനുവരി 12-ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഇടതുപക്ഷ നേതാക്കളും പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടത്തുമെന്നും അറിയിച്ചു.
ജനുവരി 15 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും പാർട്ടി പ്രവർത്തകർ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിലെ പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും ജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. മതനിരപേക്ഷത സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരി 1 മുതൽ 15 വരെ കേരളത്തിലാകെ മൂന്ന് മേഖലകളിലായി എൽഡിഎഫ് വാഹന പ്രചരണ ജാഥകളും സംഘടിപ്പിക്കും.
ജനുവരി 15-ഓടെ അഞ്ച് ലക്ഷത്തി അമ്പതിനായിരത്തോളം വരുന്ന പാർട്ടി അംഗങ്ങളുടെ റിപ്പോർട്ടിംഗ് പൂർത്തിയാക്കുമെന്നും, സംസ്ഥാനത്തെ 2,400-ലധികം ലോക്കലുകളിൽ പൊതുയോഗങ്ങളും വാർഡ് തലങ്ങളിൽ കുടുംബയോഗങ്ങളും സംഘടിപ്പിച്ച് വിപുലമായ രാഷ്ട്രീയ ആശയ പ്രചാരണം നടത്തുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
