മുസ്ലിം ലീഗിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ രംഗത്ത്. തവനൂർ മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന നായർത്തോട് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്താൻ ലീഗ് നുണപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം വിട്ടുനൽകാൻ തയ്യാറായ വ്യക്തിയെക്കൊണ്ട് ഒരു ലീഗ് വ്‌ളോഗറെ ഉപയോഗിച്ച് നുണ പറയിപ്പിക്കുകയാണ് ചെയ്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ കുറ്റപ്പെടുത്തി.
നായർത്തോട് പാലം നിർമ്മാണത്തിനായി 27 പേരിൽ നിന്നായി 58 സെന്റ് സ്ഥലമാണ് ഏറ്റെടുത്തതെന്നും ഇതിനായി സർക്കാർ 1.72 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്നും കെ.ടി. ജലീൽ എം.എൽ.എ വ്യക്തമാക്കി. രണ്ട് സെന്റ് സ്ഥലത്തിനും ഒരു ഷെഡിനുമായി സുബൈർ എന്ന വ്യക്തിക്ക് 11,43,000 രൂപ തിരൂർ അർബൻ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്. എന്നാൽ, തനിക്ക് ആറ് ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ എന്ന് ഇദ്ദേഹത്തെക്കൊണ്ട് ലീഗ് വ്‌ളോഗർ നുണ പറയിപ്പിക്കുകയായിരുന്നുവെന്നും ജലീൽ ആരോപിച്ചു.
ഭൂ ഉടമയായ സുബൈറിന് പരമാവധി വില ലഭ്യമാക്കാൻ താൻ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നും തുകയിൽ പൂർണ്ണ സംതൃപ്തി അറിയിച്ച് അദ്ദേഹം ഒപ്പിട്ടു നൽകിയ ശേഷമാണ് പണം കൈമാറിയതെന്നും കെ.ടി. ജലീൽ വ്യക്തമാക്കി. നായർത്തോട് പാലം നിർമ്മാണം മുടക്കാൻ ശ്രമിച്ചവർ ഇപ്പോൾ സുബൈറിനെ ഉപയോഗിച്ച് പച്ചക്കള്ളം പറയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലീഗിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് സുബൈർ വഴങ്ങിയത് നിർഭാഗ്യകരമാണെന്നും ഇത്തരം നുണപ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
കർണാടകയിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെടാൻ കഴിഞ്ഞത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ ഏറ്റവും വലിയ സൽകൃത്യമാണെന്ന് കെ.ടി. ജലീൽ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ മുസ്ലിം ലീഗിന് സാധിക്കുന്നില്ല. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്ന നിലപാടാണ് ലീഗിന്റേത്. ‘പുല്ലൂട്ടിലെ മൃഗമായി’ ലീഗ് മാറിയാൽ വടിയെടുത്ത് താൻ ഒപ്പമുണ്ടാകുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
