രാജ്യത്ത് വർഗീയത വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിവിധ രൂപങ്ങളിൽ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ ദേവാലയങ്ങളിൽ കേക്ക് കൊണ്ടുപോകുന്നവർ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

“കേരളത്തിൽ ഒരുകാലത്ത് ജാതീയത അടിച്ചേൽപ്പിച്ച അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ മതനിരപേക്ഷത ശക്തിപ്പെട്ടതോടെ അത് ഇല്ലാതായി. രാജ്യത്തെ മറ്റു ഭാഗങ്ങളിൽ അവസ്ഥ വ്യത്യസ്തമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. അടുക്കളയിൽ കയറി ആളുകളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ പിന്നിൽ വർഗീയതയാണ്. പല വഴികളിലൂടെ വർഗീയത തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “കേരളത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ കേക്കുമായി പോകുന്നവർ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കാത്തത് ഇവിടെ മതനിരപേക്ഷതയ്ക്ക് ശക്തമായ അടിത്തറയുള്ളതിനാലാണ്,” അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിൽക്കുന്നുവെന്നും വർഗീയതയ്‌ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.