സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വീണ്ടും അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഈശ്വറിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത പരാതി നൽകി. രാഹുൽ ഈശ്വറിന്റെ നിലവിലെ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണിതെന്നും അതിനാൽ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് ലഭിച്ച ഈ പരാതി കൂടുതൽ നടപടികൾക്കായി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് കൈമാറി.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോകളിലൂടെ അധിക്ഷേപിച്ച കേസിൽ നേരത്തെ രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. നവംബർ 30ന് കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിന് 16 ദിവസത്തെ റിമാൻഡ് കാലാവധിക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കാത്തതും കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത്, സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി രണ്ടുതവണ ജാമ്യം നിഷേധിക്കുകയായിരുന്നു. രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
