കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ജനങ്ങളുമായി സംവദിക്കാനായി സംഘടിപ്പിച്ച ‘കലുങ്ക് സംവാദം’ പരിപാടിക്കിടെ സുരേഷ് ഗോപി ഒരു സാധാരണക്കാരനോട് പെരുമാറിയ രീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സാധാരണ മനുഷ്യനോട് ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. സുരേഷ് ഗോപി നിരന്തരം ‘പ്രജകൾ’ എന്ന ഭാഷയിലാണ് സംസാരിക്കുന്നതെന്നും, അത് ചതുർവർണ്യ ചിന്തയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു. ബ്രാഹ്മണ്യ വ്യവസ്ഥയിലാണ് സുരേഷ് ഗോപി വിശ്വസിക്കുന്നതെന്നും, പട്ടികജാതി–പട്ടികവർഗ്ഗ വകുപ്പുകൾ സവർണ്ണർ ഭരിച്ചാൽ മാത്രമേ വികസനം ഉണ്ടാകൂ എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് സംവാദത്തിനിടെ, തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി സഹായം തേടി നിവേദനം നൽകാനെത്തിയ കൊച്ചുവേലായുധൻ എന്ന വയോധികനെ സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നിവേദനം നിരസിച്ചുകൊണ്ട് വയോധികനെ അപമാനിച്ച സംഭവത്തിന് പിന്നാലെ, സിപിഐഎം നേതൃത്വത്തിൽ കൊച്ചുവേലായുധന്റെ കുടുംബത്തിന് പുതിയ വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയും, ഇന്ന് വീടിന്റെ താക്കോൽദാനം നടത്തുകയും ചെയ്തുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
