തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ യാതൊരു അതൃപ്തിയും ഇല്ലെന്ന് നിലപാട് മാറ്റി ബിജെപി കൗൺസിലർ ആർ. ശ്രീലേഖ വ്യക്തമാക്കി. തനിക്ക് മുമ്പും ഇപ്പോഴും ഒരുതരത്തിലുള്ള അസന്തോഷവും ഇല്ലെന്നും, മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

ഓഫീസിൽ പ്രവേശിപ്പിക്കാതെയും മാധ്യമങ്ങൾ പിന്തുടർന്ന് ശല്യം ചെയ്‌തെന്നും കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അതൃപ്തിയും ഇല്ലെന്ന നിലപാട് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്രീലേഖ ആവർത്തിച്ചു.

മുമ്പ്, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കൗൺസിലറാകാൻ വേണ്ടിയല്ല, മേയറാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തന്നെ മത്സരിപ്പിച്ചതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. മത്സരിക്കാൻ താൽപ്പര്യമില്ലായിരുന്നെങ്കിലും മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനെ തുടർന്ന് മത്സരിച്ചതായും, കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ മുഖമാകുമെന്നായിരുന്നു തന്റെ ധാരണയെന്നും അവർ വ്യക്തമാക്കിയിരുന്നു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റെന്ന നിലയിൽ എല്ലാ സ്ഥാനാർഥികൾക്കുമായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വവും, പത്ത് സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള ചുമതലയും തനിക്ക് നൽകിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. അവസാനം കൗൺസിലറാകണമെന്ന പാർട്ടി തീരുമാനമാണ് അംഗീകരിച്ചതെന്നും അവർ മുൻപ് വ്യക്തമാക്കിയിരുന്നു.