വോട്ട് നേടുന്നതിനായി നുണപ്രചാരണങ്ങൾ നടത്തുന്ന കാര്യത്തിൽ കോൺഗ്രസ് ബിജെപിയുടെ ചേട്ടനാകുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നടത്തുന്ന നുണപ്രചാരണങ്ങളെ ജനം കരുതിയിരിക്കണം. എതിരാളികളെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് ജനമനസ്സുകളിൽ വൈരാഗ്യമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. വയനാട്ടിലെ കോൺഗ്രസ് നേതൃക്യാമ്പിൽ സുനിൽ കനഗോലു പങ്കെടുത്തത് ഇതിന്റെ ഭാഗമാണ്.

പച്ചക്കള്ളം പ്രചരിപ്പിച്ച് ജനകീയ സർക്കാരിനെയും നേതാക്കളെയും ജനങ്ങളിൽ നിന്ന് അകറ്റാനാണ് ഇത്തരം ‘സിദ്ധാന്തങ്ങളിലൂടെ’ കോൺഗ്രസ് ലക്ഷ്യമിടുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ നിന്ന് മാറിയാൽ ക്ഷേമപെൻഷൻ, ലൈഫ് മിഷൻ തുടങ്ങിയ എല്ലാ സാമൂഹികക്ഷേമ പദ്ധതികളും അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ടീച്ചർ മുന്നറിയിപ്പ് നൽകി.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പത്മകുമാറിന് എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് സർക്കാരിനും പാർട്ടിക്കുമുള്ളതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.