തെരഞ്ഞെടുപ്പിന് മുൻപ് വിസ്മയങ്ങൾ ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് സതീശൻ പറഞ്ഞതിനെ വിമർശിച്ച ഗോവിന്ദൻ, മുമ്പ് “ബോംബ് പൊട്ടും” എന്ന് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ലല്ലോ എന്നും, അതുപോലെ നൂറും പൊട്ടുമെന്നുമായിരുന്നു പരിഹാസം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തരത്തിലുള്ള വിസ്മയവും ഉണ്ടാകില്ലെന്നും ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. എന്തുതരം “ബോംബ്” പൊട്ടിയാലും ഇടതുപക്ഷം തന്നെയാകും മൂന്നാമതും അധികാരത്തിൽ വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആൻ്റണി രാജുവിന്റെ അയോഗ്യത എൽഡിഎഫിന് തിരിച്ചടിയല്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. എൽഡിഎഫിൽ ചേരുന്നതിന് ഏറെ മുൻപ് ആൻ്റണി രാജുവിനെതിരെ ഉണ്ടായ കേസിന്റെ വിധിയാണ് ഇപ്പോൾ വന്നതെന്നും, പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായ സംഭവവുമായി ബന്ധപ്പെട്ട ശിക്ഷയെ തിരിച്ചടിയായി കാണാനാവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.