എൽഡിഎഫ് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിച്ച് മലയാള മനോരമ ദിനപത്രം കരിവാരിത്തേച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വ്യാജ വാർത്തകൾ ചമയ്ക്കുന്നവരുടെ ലക്ഷ്യം ജനങ്ങൾക്കെതിരായ രാഷ്ട്രീയ അജണ്ടയാണെന്നും, അതേ മനസികാവസ്ഥയാണ് വെനിസ്വേലയെ ആക്രമിച്ച് പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഭീകരതയെ സ്വാഭാവികവൽക്കരിക്കാനും മനോരമയെ പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

മലയാളത്തിലെ ഏറ്റവും വലിയ വാർത്താപത്രമെന്ന് അവകാശപ്പെടുന്ന മലയാള മനോരമ ജനുവരി അഞ്ചിന് ‘അപ്പോൾ അന്ന് പറഞ്ഞതോ’ എന്ന പ്രധാന തലക്കെട്ടോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമായില്ലെന്നും, വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ സർക്കാർ പുതിയ പദ്ധതിയുമായി രംഗത്തുവരുകയാണെന്നുമാണ് മനോരമ വാർത്തയിൽ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവംബർ ഒന്നിന് കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച അതേ വേദിയിൽ, പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ രണ്ട് പ്രധാന ചടങ്ങുകൾ നടന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ റിപ്പോർട്ട് പ്രകാശനവും, പദ്ധതിയുടെ രണ്ടാംഘട്ടമായ ഇപിഇപി 2.0യുടെ പദ്ധതിരേഖ പ്രകാശനവുമാണ് അന്ന് നടന്നത്.

ലോകം മുഴുവൻ കണ്ട ആ പ്രഖ്യാപനങ്ങളെയാണ് 63 ദിവസത്തിന് ശേഷം മനോരമ പുതിയൊരു “കണ്ടുപിടുത്തമായി” അവതരിപ്പിച്ചതെന്നും, അതിദാരിദ്ര്യ നിർമാർജ്ജനം പരാജയപ്പെട്ടതിനാലാണ് സർക്കാർ രണ്ടാംഘട്ടവുമായി വരുന്നതെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് പത്രം ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.