മഹാരാഷ്ട്രയിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും കൈകോർത്തതിനെതിരെ ശക്തമായ പ്രതികരണവുമായി സിപിഐ(എം) നേതാവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. മതേതര തത്വങ്ങൾ ഉപേക്ഷിച്ച് അധികാരത്തിന്റെ ഒരു വിഹിതം നേടുന്നതിനായി വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വിമർശിച്ചു.
താനെ ജില്ലയിലെ അംബർനാഥ് മുനിസിപ്പൽ കൗൺസിലിലെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ശിവസേനയെ തോൽപ്പിക്കുന്നതിനായി ബിജെപിയും കോൺഗ്രസും കൈകോർത്തത്. ഈ രാഷ്ട്രീയ നീക്കമാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
എക്സ് പോസ്റ്റിൻ്റെ പൂര്‍ണരൂപം
ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾക്കിടയിൽ മത്സരങ്ങൾ ഉണ്ടാകാമെങ്കിലും, അവരെല്ലാം ആർഎസ്‌എസ് പ്രത്യയശാസ്ത്രത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് അടുത്തിടെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇന്ത്യാ സഖ്യത്തിലെ അംഗമെന്ന നിലയിൽ അതിന്റെ പദവിയും ഉത്തരവാദിത്തവും നിറവേറ്റുന്നതിനുപകരം കോൺഗ്രസ് അംബർനാഥിൽ മതേതര തത്വങ്ങൾ ഉപേക്ഷിച്ച് അധികാരത്തിന്റെ ഒരു ഭാഗം പങ്കിടാൻ വര്‍ഗീയ ശക്തികളുമായി സഖ്യമുണ്ടാക്കിയത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് ആഴ്ചകളോളം കഴിഞ്ഞാണ്. മുഖം രക്ഷിക്കാനായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് ഇന്ന് മാത്രമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കോൺഗ്രസ് നേതൃത്വം വെറുപ്പിൻ്റെ വിപണിയിലെ ജൂനിയർ സെയിൽസ്മാനാകുന്നു. ഇത് അസ്വീകാര്യമാണ്. ഇന്ത്യ ഒരു മതേതര ഇടമാണ് അത് അങ്ങനെ തന്നെ തുടരണം.
