തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്നിനെ വാദം കേൾക്കാൻ വിളിപ്പച്ചതിനെയാണ് പ്രതിപക്ഷം ചേദ്യം ചെയ്‌തതും കടുത്ത ഭാഷയിൽ വിമർശിച്ചതും. അമ്മയുമായുള്ള പ്രായവ്യത്യാസം സംബന്ധിച്ച് അമർത്യ സെന്നിന് എസ്‌ഐആർ ഹിയറിംഗിന് ഹാജരാകാൻ ഇസി നോട്ടീസ് അയച്ചിരുന്നു.

2002 ലെ വോട്ടർ പട്ടിക പ്രകാരം അമര്‍ത്യ സെന്നിൻ്റെ അമ്മയ്ക്ക് 88 വയസ്സായിരുന്നു. നിലവിൽ അമർത്യ സെന്നിന് 92 വയസ്. അദ്ദേഹവും അമ്മയും തമ്മിലുള്ള 15 വയസ്സിൻ്റെ വ്യത്യാസത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ എങ്ങനെയാണ് പരാമർശിച്ചതെനുള്ള ചോദ്യങ്ങൾ ഉയരുന്നു. വിവരങ്ങൾ പ്രകാരം അമർത്യ സെന്നും അമ്മ അമിത സെന്നും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വയസ്സാണ്.

അമിത സെൻ 1912 ജൂലൈ 17 ന് ജനിച്ചു. 2005 ഓഗസ്റ്റ് 22 ന് അവർ അന്തരിച്ചു. അമർത്യ സെൻ 1933 നവംബർ 3 നാണ് ജനിച്ചത്. ഇലക്ഷൻ കമ്മീഷൻ്റെ വിവരങ്ങൾ പ്രകാരം അമർത്യ സെന്നിൻ്റെ അമ്മ അമിത സെൻ, ബോൾപൂർ നിയമസഭാ മണ്ഡലം നമ്പർ 268 ലെ വോട്ടറായിരുന്നു. 2002 ലെ എസ്‌ഐആർ പ്രകാരം, ഈ നിയമസഭാ മണ്ഡലത്തിലെ സെക്ഷൻ നമ്പർ 126 ലെ സീരിയൽ നമ്പർ 898 ൽ അവരുടെ പേര് ഉണ്ടായിരുന്നു.

ബുധനാഴ്‌ച ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ച് ഇആർഒ ടാനിയ റോയ്, ബിഎൽഒ സോംബ്രത് എന്നിവരുൾപ്പെടെ നാല് ഉദ്യോഗസ്ഥർ എസ്‌ഐആർ ഹിയറിംഗ് നോട്ടീസുമായി അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് പോയി. അമർത്യ സെൻ നിലവിൽ വിദേശത്ത് താമസിക്കുന്നതിനാൽ, ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ ബന്ധുവായ ശാന്തവനു സെന്നിനും ഗീതികാന്ത് മജുംദാറിനും നോട്ടീസ് കൈമാറി.

കമ്മീഷനിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം അമർത്യ സെന്നിൻ്റെ അമ്മയേക്കാൾ 15 വയസ്സ് കുറവാണെന്ന് നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്. അമർത്യ സെന്നിൻ്റെ പേരിൽ ചെറിയൊരു അക്ഷര തെറ്റുമുണ്ട്. '2002 ലെ വോട്ടർ പട്ടികയിൽ അമർത്യ സെന്നിൻ്റെ അമ്മയുടെ പ്രായം 88 വയസ്സായിരുന്നുവെങ്കിൽ, ഇപ്പോൾ അവർക്ക് 112 വയസ്സ് ആകുമായിരുന്നു' എന്ന ചോദ്യം ഉയരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിവരങ്ങൾ പ്രകാരം അമർത്യ സെന്നിൻ്റെ പ്രായം 88 വയസ്സാണ്. അങ്ങനെയെങ്കിൽ അദ്ദേഹത്തിൻ്റെ അമ്മയും അമർത്യാ സെന്നും തമ്മിലുള്ള പ്രായവ്യത്യാസം ഏകദേശം 20 വയസ്സാണ്.

എസ്‌ഐആർ നോട്ടീസിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ കേന്ദ്ര പോൾ പാനലിനെതിരെ വിമർശനം ഉന്നയിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ "അസംബന്ധമായ ഉദ്യോഗസ്ഥാധിപത്യം പ്രകടിപ്പിക്കുന്നു" എന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. സംസ്ഥാനങ്ങളിലുടനീളം വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്‌കരണം നിർത്തലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ രാജ്യത്ത് വിവാഹ പ്രായം വളരെ കുറവായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഉദാഹരണത്തിന്, എൻ്റെ അമ്മ 13 വയസ്സുള്ളപ്പോൾ വിവാഹിതയായതായി എന്നോട് പറഞ്ഞിട്ടുണ്ട്. പഴയകാലത്ത് ഇത്തരം നിരവധി സംഭവങ്ങൾ നമുക്കെല്ലാവർക്കും പരിചിതമായിരിക്കും" എന്ന് എം എ ബേബി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.