ചൂരല്‍മല–മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി നിര്‍മിച്ചുവരുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പുരോഗതി എല്‍ഡിഎഫ് നേതാക്കള്‍ വിലയിരുത്തി. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കല്‍പ്പറ്റ എംഎല്‍എയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ. ശശീന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ചു.

സിദ്ദിഖിന് “കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്ന്” പറഞ്ഞ ശശീന്ദ്രന്‍, കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ചൂരല്‍മല ടൗണ്‍ഷിപ്പ് കോണ്‍ഗ്രസിന്റേതെന്നായി അവതരിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും, ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് സിദ്ദിഖ് “നാടകമാണ് കളിക്കുന്നത്” എന്നും അദ്ദേഹം ആരോപിച്ചു. ദുരന്തബാധിതരുടെ കണ്ണീരുവിട്ട് പിരിച്ച പണം എവിടെയെന്ന് സിദ്ദിഖ് വ്യക്തമാക്കണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധി ഭവന നിര്‍മാണത്തിന് എത്ര രൂപയാണ് സംഭാവന ചെയ്തതെന്നും, രാഹുല്‍ ഗാന്ധി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും ശശീന്ദ്രന്‍ ആരോപിച്ചു. നിര്‍മാണം പൂര്‍ത്തിയാകാന്‍ പോകുന്ന ഘട്ടത്തില്‍ ടൗണ്‍ഷിപ്പിലെത്തി സിദ്ദിഖ് രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനോട് വീടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പണം തങ്ങളുടേതാണെന്ന് അവകാശപ്പെടുകയാണെന്നും, നുണകള്‍ സത്യമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശശീന്ദ്രന്‍ കുറ്റപ്പെടുത്തി. തോട്ടം തൊഴിലാളി പ്രശ്നത്തില്‍ സിദ്ദിഖ് മൗനം പാലിച്ചുവെന്നും, ടൗണ്‍ഷിപ്പ് സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യുഡിഎഫ് തടസ്സം സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ലക്ഷ്യ ക്യാമ്പുമായി ബന്ധപ്പെട്ട് പരസ്പര ധാരണയുണ്ടാക്കിയ ശേഷം ടൗണ്‍ഷിപ്പില്‍ സിദ്ദിഖ് നാടകമാടുകയാണെന്നും, ആന്ധ്ര, തമിഴ്നാട്, രാജസ്ഥാന്‍ സര്‍ക്കാറുകള്‍ നല്‍കിയ സഹായത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും സി.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.