അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രൂക്ഷ വിമർശനം ഉന്നയിച്ചു. രാഹുലിനെതിരായ മൂന്നാമത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നതെന്നും, അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗർഭഛിദ്രം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ക്രൂരമായ പീഡനവും മർദനവും നടന്നതായി ആരോപണമുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ഗർഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം രാഹുലിന് വലിയ വെല്ലുവിളിയാകുമെന്നും, ഡിഎൻഎ പരിശോധനയിലൂടെ സത്യാവസ്ഥ വ്യക്തമായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കേസുകൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്നും, ഓരോ വെളിപ്പെടുത്തലും കേരളത്തിലെ കോൺഗ്രസിന്റെ ജീർണാവസ്ഥയുടെ തെളിവാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും കോൺഗ്രസിന്റെ പൂർണ പിന്തുണയോടെയാണുള്ളതെന്നും, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ വീണ്ടും പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് നിലപാടെന്ന് അദ്ദേഹം വിമർശിച്ചു. ഇത്തരം ആരോപണങ്ങൾ തന്നെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമാകാനുള്ള കോൺഗ്രസിന്റെ പ്രധാന യോഗ്യതയെന്ന് ജനം മനസ്സിലാക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പൊതുജീവിതത്തിൽ ഉള്ളവർ ഇത്തരം വിഷയങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുണ്ടെന്നും, ഓരോ കുറ്റകൃത്യവും നടക്കുമ്പോഴും രാഹുൽ കോൺഗ്രസിന്റെ അംഗവും യൂത്ത് കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര വൈകിയാണ് കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ജനങ്ങൾ ഓർക്കണമെന്നും, എല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും അവർ തന്നെ വിലയിരുത്തട്ടെയെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, ആവശ്യമായ നിലപാട് രാഹുൽ തന്നെ സ്വീകരിക്കട്ടെയെന്നും, നിയമസഭയിൽ നിന്ന് അയോഗ്യനാക്കേണ്ടതുണ്ടോയെന്ന കാര്യം നിയമപരമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
